കോഴിക്കോട്: ഓമശേരി - തോട്ടത്തിന്‍കടവ് - തിരുവമ്പാടി റോഡ് നവീകരണ പ്രവൃത്തികള്‍ക്കായി ടെണ്ടര്‍ സേവിംഗ്സ് തുക വിനിയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്കി. തിരുവമ്പാടി, കൊടുവള്ളി നിയോജക മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 4.4 കിലോമീറ്റര്‍ റോഡിന്റെ നവീകരണത്തിനാണ് ഈ തുക ഉപയോഗിക്കുക.
നബാര്‍ഡിന്റെ മുന്‍കൂര്‍ അനുമതിക്ക് വിധേയമായാണ് ടെണ്ടര്‍ സേവിംഗ്സ് തുക വിനിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു കോടി രൂപയ്ക്കാണ് ഈ പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണ വേളയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ കാരണം പുതുക്കിയ എസ്റ്റിമേറ്റ് 6.34 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഇത് യഥാര്‍ത്ഥ ഭരണാനുമതി തുകയേക്കാള്‍ 5.88 ശതമാനംകൂടുതലാണ്.
റോഡ് നിര്‍മ്മാണത്തിനാവശ്യമായ ജി.എസ്.ബി ഇനത്തില്‍ 331 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ധനവ് സൈറ്റിലെ സാഹചര്യം അനുസരിച്ച് അനിവാര്യമാണോ എന്ന് പരിശോധിക്കാന്‍ സാങ്കേതിക വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പിഡബ്ല്യുഡി ക്വാളിറ്റി കണ്ട്രോള് വിഭാഗത്തിന്റെ സഹായത്തോടെ മതിയായ ഗുണനിലവാര പരിശോധനകള്‍ നടത്തിയ ശേഷമേ കരാറുകാരന് പണം നല്കാവു എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.